Editor's Pick

ഫാ. ചെറിയാന്‍ നേരേവീട്ടില്‍ Inspiring Young Woman Award – അപൂര്‍വ 2025 സുസ്മിത എം. ചാക്കോക്ക് സമ്മാനിച്ചു

മരട്: ഫാ. ചെറിയാന്‍ നേരേവീട്ടിലിന്റെ സ്മരണയ്ക്കായി മരട് വി. ജാന്നാ പള്ളി നല്‍കുന്ന അപൂര്‍വ 2025 Inspiring Young Woman Award സുസ്മിത എം. ചാക്കോക്ക് സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് സമ്മാനിച്ചു. മരട് വി. ജാന്ന പള്ളിയില്‍ നടന്ന അനുസ്മരണ സമ്മേളനം ദലീമ ജോജോ MLA ഉദ്ഘാടനം ചെയ്തു. അതിരൂപതാ സമൂഹ്യ സേവന ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളി അധ്യക്ഷത വഹിച്ചു. മരട് നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍, ചെറിയാച്ചൻ്റെ പിതാവ് ജോസഫ് നേരേവീട്ടില്‍, കുമാരി അനൈഡ സ്റ്റാന്‍ലി, വികാരി ഫാ സേവി പടിക്കപറമ്പില്‍, കണ്‍വീനര്‍ രൂപ അഭിലാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. പിതാവിന്റെ മരണത്തിന് ശേഷം അധ്യാപക ജോലി ഉപേക്ഷിച്ച് നൂറ്റിഇരുപതോളം വരുന്ന നിരാലംബര്‍ക്ക് ആശ്രയമായി കാസര്‍കോട് ജില്ലയില്‍ മലപ്പന്‍ചേരിയില്‍ ന്യൂ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് പരിഗണിച്ചാണ് സുസ്മിതയെ അവാർഡിന് തിരഞ്ഞെടുത്തത്. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളോടും, വെല്ലുവിളികളോടും, ആത്മധൈര്യത്തോടെ പൊരുതി സമൂഹത്തിന് പ്രചോദനമേകുന്ന, 18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവതികളെയാണ് ജാതിമത ഭേദമന്യേ അവർഡിന് പരിഗണിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സുസ്മിതയുടെ പിതാവായ എം. എം. ചാക്കോ തുടങ്ങിയതാണ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം. എഴുപത്തഞ്ച് ശതമാനം വികലാംഗനായിരുന്ന എം. എം. ചാക്കോ ആകസ്മികമായി മരണപെട്ടപ്പോൾ ഇരുപത്തിയഞ്ച് വയസ് എന്ന തന്റെ പ്രായം പോലും വകവെയ്ക്കാതെ പിതാവ് ആരംഭിച്ച കേന്ദ്രത്തിന്റെ ചുമതല സുസ്മിത ഏറ്റെടുക്കുകയും നിരാലംബരുടെയും അശരണരുടെയും പരിചരണത്തിനും ക്ഷേമത്തിനുമായി മുന്നോട്ടുവരികയും ചെയ്തു.
നേടിയെടുത്ത അധ്യാപക ജോലിയും പഠനവുമെല്ലാം നിരാശ്രയരുടെ കണ്ണീരൊപ്പുന്നതിനായി സമർപ്പിച്ചു. തന്റെ പിതാവിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സുസ്മിത ഒരുപാട് തെരുവ് ജീവിതങ്ങൾക്ക് അഭയം നൽകുന്നവളായി പ്രചോദനാത്മക ജീവിതം നയിക്കുന്നു.