Featured

ഫാ.അജി പുതിയാപറമ്പിൽ എഴതുന്നു.

പഹൽഗാം : ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ മുറിവ്
കശ്മീരിലെ പഹൽഗാം ഇന്ന് ഓരോ ഇന്ത്യക്കാരൻ്റെയും ഹൃദയത്തിലെ നീറുന്ന നോവാണ്. അവിടെ ഭീകരർ പോയിൻ്റ് ബ്ലാങ്കിൽ നിറയൊഴിച്ചത് 28 മനുഷ്യരുടെ നെഞ്ചിലേക്കാണ്. എന്നാൽ അവ തറച്ചതാകട്ടെ 148 കോടി ഭാരതീയരുടെ ഹൃദയത്തിലും!!!
ഭീകരരേ നിങ്ങൾ കരുതിയിരിക്കുക; മഹത്തായ ഈ രാജ്യം അതിൻ്റെ ശക്തി കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നിങ്ങളെ നിശ്ശേഷം പരാജയപ്പെടുത്തും. സംശയമില്ല!!!
ഭീകരരും ഭീകരതയെ സ്പോൺസർ ചെയ്യുന്ന അയൽ രാജ്യവും ലക്ഷ്യം വച്ചത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.
ഒന്ന് ; ഇവിടുത്തെ ജനതയെ മതപരമായി വിഭജിക്കുക.
രണ്ട് : കശ്മീർ ജനതയുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായ ടൂറിസം മേഖലയെ തകർക്കുക.
അതുകൊണ്ടാണ് അവർ വിനോദ സഞ്ചാരികളുടെ നെഞ്ചിലേയ്ക്ക് അവരുടെ മതം നോക്കി നിറയൊഴിച്ചത്.
വിനോദ സഞ്ചാര മേഖലയുടെ വളർച്ച കശ്മീരി ജനതയ്ക്ക് തൊഴിലും സമ്പത്തും നല്കി. കുറച്ചൊന്നുമല്ല ഇത് ഭീകരരെ വിളറി പിടിപ്പിച്ചത്. ഭീകരവാദത്തിന് വളരാൻ പറ്റിയ വളക്കൂറുള്ള മണ്ണാണല്ലോ ദാരിദ്ര്യവും തൊഴിലില്ലായ്മയും.
വെറുപ്പ് വിതച്ച് ചോര കൊയ്ത് അതുകൊണ്ട് വിരുന്നുണ്ണാൻ ആഗ്രഹിക്കുന്നവരും അവരെ സ്പോൺസർ ചെയ്യുന്നവരും അറിഞ്ഞിരിക്കുക; ഈ കുതന്ത്രത്തിൽ ഭാരതജനത ഒരിക്കലും വീഴില്ല……. കണ്ടില്ലേ, കശ്മീർ ജനത ഒന്നാകെ, മത-രാഷ്ട്രീയ വ്യത്യാസം കൂടാതെ പഹൽഗാം കൂട്ടക്കുരുതിക്കെതിരേ തെരുവിലിറങ്ങിയത്.
ഭീകരർ മതം നോക്കി മനുഷ്യരെ കശാപ്പ് ചെയ്തപ്പോൾ മതം നോക്കാതെ അവരെ സംരക്ഷിക്കാൻ വേണ്ടി ജീവൻ വെടിഞ്ഞ ആദിൽ ഹുസൈനും, 14 വയസ്സുകാരനെ ചുമലിലേറ്റി ഓടുന്ന കശ്മീരി ഗൈഡും, അതുപോലെ മറ്റനേകം പേരും ഭീകരർക്ക് നല്കുന്ന മുന്നറിയിപ്പ് ഇതാണ് ……. ‘ മതം നോക്കാതെ ഞങ്ങൾ മനുഷ്യരെ ചേർത്തു പിടിക്കും; നിങ്ങൾക്ക് ഞങ്ങളെ വിഭജിക്കാനാവില്ല’.
രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ രക്തക്കുഴലുകളായ ലോക്കൽ ട്രെയിനുകളിൽ ഭീകരർ ബോംബ് സ്ഫോടനം നടത്തിയത് ഓർക്കുന്നുണ്ടാകും. 2006 ജൂലൈ 11 ന് വൈകുന്നേരം 5 മണിക്കാണ് ആ ക്രൂരകൃത്യം നടന്നത്. 290 പേർ കൊല്ലപ്പെടുകയും 700 പേർക്ക് മുറിവേല്ക്കുകയും ചെയ്തപ്പോൾ രാജ്യം ഞെട്ടി. എന്നാൽ പിറ്റേ ദിവസം രാവിലെ 4 മണിക്ക് തന്നെ ലോക്കൽ ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചതും മുംബൈ ജനത നിർഭയം അതിൽ യാത്ര ചെയ്തതും ഭീകരരെ മാത്രമല്ല ലോകം മുഴുവനെയും അത്ഭുദപ്പെടുത്തി. അതെ, ഒരു ഭീകരനും മുമ്പിൽ ഭയപ്പെടുന്നവരോ തലകുനിക്കുന്നവരോ അല്ല ഇന്ത്യക്കാർ!!!
കശ്മീർ ജനതയെ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേയ്ക്കും തള്ളിയിടാനുള്ള ഗൂഢശ്രമം തീർച്ചയായും പരാജയപ്പെടും.
ഇനി മുതൽ ഞങ്ങൾ ഇന്ത്യക്കാർ ജീവിതത്തിൽ ഒരിക്കലെങ്കിലും കശ്മീർ സന്ദർശിക്കും. അപ്പോൾ നിശ്ചയമായും പഹൽഗാമിൽ പോകും. കാലമെത്ര കഴിഞ്ഞാലും, അവിടുത്തെ പുൽക്കൊടിയിൽ വിരിഞ്ഞ പൂക്കളിൽ ഞങ്ങളുടെ സോദരരുടെ ചോരപ്പാടുകളുണ്ടാവും. ആ പൂക്കൾ ഞങ്ങൾ ഹൃദയത്തോടു ചേർത്തുപിടിക്കും….
ഭീകരരേ, നിങ്ങൾക്ക് മുമ്പിൽ ഈ രാജ്യം ഒരിക്കലും തല കുനിക്കില്ല.
പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് എൻ്റെ കണ്ണീർ പ്രണാമം. മുറിവേറ്റവരുടെ വേദനയിൽ ഞാനും പങ്കു ചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *