സഹൃദയ സംരംഭക സംഗമം സംഘടിപ്പിച്ചു
ചേർത്തല: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ സേവ് എ ഫാമിലി പ്ലാൻ – ൻ്റെ സഹകരണത്തോടെ നടപ്പാക്കി വരുന്ന കുടുംബ സ്ഥിരസഹായപദ്ധതി വഴി സംരംഭങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഗുണഭോക്താക്കളുടെ സംഗമം നടത്തി. സഹൃദയ ചേർത്തല മേഖലാ ഓഫീസിൽ നടത്തിയ സമ്മേളനം സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഉള്ളവും ഉള്ളതും മറ്റുള്ളവർക്കായി പങ്കുവയ്ക്കുക എന്ന മാനുഷികമായ കടമയാണ് സേവ് എ ഫാമിലി പ്ലാനിലൂടെ കാണാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ശരിയായ നടപ്പാക്കലിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയാവുന്ന വിധത്തിൽ ഒരാളെയെങ്കിലും സഹായിക്കാനും നാമോരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിയായ പദ്ധതി അംഗം പി. ഹണിമോളെ യോഗത്തിൽ ആദരിച്ചു. സഹൃദയ പ്രോഗ്രാം ഓഫീസർ കെ.ഒ. മാത്യൂസ്, സേവ് എ ഫാമിലി പ്ലാൻ കോ ഓർഡിനേറ്റർ ബ്ലസി തോമസ്, ജീസ് പി പോൾ, മായ, പി.ജെ. ജയിനി എന്നിവർ സംസാരിച്ചു. 192 കുടുംബങ്ങൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള പദ്ധതി വിഹിതമായി 30, 77,000 രൂപ വിതരണം ചെയ്തു.
