Featured

കാർഡിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ ചരമദിനം പ്രാർത്ഥനാപൂർവ്വം കൊണ്ടാടി.

എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന കാർഡിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ ചരമദിനം എറണാകുളം സെയിന്റ് മേരീസ് കത്തീദ്രൽ ബസിലിക്കയിൽ അതിരൂപതാ വിശ്വാസികളും വൈദികരും ഒരുമിച്ചുകൂടി പ്രാർത്ഥനയോടെ കൊണ്ടാടി.

കേരളത്തിലെ ആദ്യത്തെ കാർഡിനാലും ഇന്ത്യയിലെ രണ്ടാമത്തെ കര്ദിനാള്മായ പാറേക്കാട്ടിൽ പിതാവ് 1912 ഏപ്രിൽ ഒന്നാം തിയതി അങ്കമാലി കിടങ്ങൂരിൽ ജനിച്ചു. എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ മൂന്നാമത്തെ മെത്രാപ്പോലീത്തയായിരുന്ന അഭിവന്യ പാറേക്കാട്ടിൽ പിതാവ്സമൂഹത്തിലും സഭയിലും ഒരു മിഷണറിയെപോലെ ആണ് തന്റെ ശുശ്രുഷകൾ നിർവഹിച്ചത്. ദീർഘവീക്ഷണത്തോടെ സഭയെയും സമൂഹത്തെയും മുന്നോട്ട് നയിച്ച വ്യക്തി. സഭയുടെ ഭാവിയെപ്പറ്റി കൃത്യമായ ഒരു ധാരണ ഉണ്ടായിരുന്ന മനുഷ്യൻ. രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ ചൈതന്യം ജീവിച്ച വ്യക്തി. എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വം. സിറോ മലബാർ സഭാ ആരാധനക്രമം കല്ദായവൽക്കരിക്കുന്നതിനെ ശക്തമായി എതിർത്ത പിതാവ്. ഈ സഭക്ക് അതിന്റെതായ സ്വന്തം ഒരു ആരാധന ക്രമം ഉണ്ടാകണം എന്ന് കാലങ്ങളോളം വാദിച്ച മനുഷ്യൻ. ദൈവശാസ്ത്രത്തിലും തത്വശാശ്ത്രത്തിലും പണ്ഡിതനായിരുന്ന പിതാവ് ഇന്ത്യയിലെ സഭയിലും, കേരളസഭയിലും പച്ചയായ മനുഷ്യൻ, ഒരു ജന്റിൽമാൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ മറ്റു മതമേലധ്യക്ഷർ പോലും ബഹുമാനപൂർവ്വം വീക്ഷിച്ചിരുന്ന മഹാ വ്യക്തിത്വം ആയിരുന്നു പാറേക്കാട്ടിൽ പിതാവ്. 1987 ഫെബ്രുവരി 20ന് പുണ്യചരിതനായ പാറേക്കാട്ടിൽ പിതാവ് തന്റെ നിത്യ സമ്മാനത്തിനായി ഇഹലോകവാസം വെടിഞ്ഞു. കത്തോലിക്ക സഭയെ യശ്ശസിന്റെ കൊടുമുടിയിലേക്ക് ഉയർത്തിയ , മൂന്ന് പതിറ്റാണ്ടോളം ആചാര്യ ശുശ്രുഷ സ്ഥാനത്തു പ്രശോഭിച്ച കാർഡിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ 38മാത് ചരമവാര്ഷികമാണ് പ്രാർത്ഥനാപൂർവ്വം 20-02-2025 ഇന്നലെ ബുധനാഴ്ച നടത്തപ്പെട്ടത്. ദിവ്യകാരുണ്യ ആരാധനയോടെയാണ് പ്രാർത്ഥന ശുശ്രുഷകൾ ആരംഭിച്ചത്. എറണാകുളം സൈന്റ്റ് മേരീസ് ബസിലിക്ക വികാരി ജോയ് മണവാളൻ അച്ചൻ ആണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. ദിവ്യകാരുണ്യം എഴുന്നളിച്ചു വെച്ച് വിശ്വാസികളും വൈദികരും സന്യസ്തരും ജപമാല പ്രാർത്ഥനയിൽ പങ്കുകാരായി. തുടർന്ന് അവിടെ എത്തിയിരുന്ന എല്ലാ വൈദികരും ഒരുമിച്ച് ഒപ്പീസ് ചൊല്ലി പിതാവിന്റെ ആത്മാവിനായി പ്രാർത്ഥിച്ചു. പ്രസ്തുത കൂട്ടായ്മയിൽ എത്തിച്ചേർന്ന അഭിവന്യ പിതാവിന്റെ ബന്ധുമിത്രാദികളും, അതിരൂപതവിശ്വാസികളും പ്രാർത്ഥനകൾക്ക് ശേഷം, പിതാവിനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയുടെ അടുക്കൽ എത്തി മാധ്യസ്ഥം അപേക്ഷിച്ചു.

ഇതോടൊപ്പം അറിയിക്കുന്നു: എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച, സിറോ മലബാർ സഭയുടെ വളർച്ചക്കായി അക്ഷീണം പ്രവർത്തിച്ച അഭിവന്യ പാറേക്കാട്ടിൽ മെത്രാപ്പോലീത്തയുടെ ചരമ ദിനവും, അതിനോടാബന്ധിച്ചു എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുർബാനയും ഒപ്പീസും നടത്തണം എന്ന വിവരം വര്ഷംഇതുവരെ എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ ബുള്ളറ്റിനായ എറണാകുളം മിസ്സത്തിൽ പ്രസിദ്ധീകരിക്കുക പതിവായിരുന്നു. അതിരൂപത കുരിയയുടെ ഉത്തരവാദിത്തമാണ് എറണാകുളം മിസ്സത്തിൽ എന്തെല്ലാം വിവരങ്ങൾ ഉൾപ്പെടുത്തണം എന്നുള്ളത്… എന്നാൽ അതിരൂപതാ കൂരിയയിൽ പിതാക്കന്മാരുടെ ഒത്താശയോടെ ക്രിമിനൽ ഭരണം നടത്തുന്ന ക്രിമിനൽ കൂരിയ ഈ ഫെബ്രുവരി മാസത്തെ എറണാകുളം മിസ്സത്തിൽ 20-02-2025 ബുധനാഴ്ച കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ ചരമവാർഷികം ആണ് എന്നുള്ള വിവരം ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ള കാര്യം ഏവരും മനസിലാക്കുന്നു. എറണാകുളം അങ്കമാലി മേജർ അതിരൂപത ഇപ്പോൾ കടന്നുപോകുന്ന പ്രശ്നങ്ങൾ കെട്ടടങ്ങാനും, പഴമയെ മറന്നുകൊണ്ട് ഭാവിയെ നയിക്കാനും തക്ക സ്നേഹത്തിനും ശക്തിക്കുമായി അഭിവന്യ പാറേക്കാട്ടിൽ പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കാം. വരുന്ന ഞായറാഴ്ച 23-02-2025 കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ അനുസ്മരണ സമ്മേളനം, മഹാസ്‌മൃതി, കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളിയിൽ വൈകിട്ട് 4:30 ന് അനുസ്മരണ ദിവ്യബലിക്ക് ശേഷം നടത്തപ്പെടുന്നു എന്ന വിവരം ഒരിക്കൽക്കൂടി അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *