Featured

ഒരു ഡസൻ ചോദ്യങ്ങൾ, സീറോ മലബാർ മെത്രാൻ സിനഡിനോട്, ബഹുമാനപുരസരം !

  1. സീറോ മലബാർ സഭയിൽ (2015-’16) കാലഘട്ടത്തിൽ, എറണാകുളം അതിരൂപതയിലെ ഭൂമി വിൽപ്പനയിൽ ഉരുത്തിരിഞ്ഞ ധാർമിക അപചയം പരിഹരിക്കാൻ ഒരു ശ്രമവും നടത്താതിരിക്കെ, വത്തിക്കാൻ ആവശ്യപ്പെട്ട റെസ്റ്റിട്യൂഷൻ (പരിഹാര പ്രക്രിയ) നിൽ നിന്ന് ശ്രദ്ധ തിരിക്കാൻ, ആരാധന ക്രമവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ആളിക്കത്തിച്ച് ദിവ്യബലിയെ ഒരു മറയായി ഉപയോഗിക്കുന്നതിന് എന്ത് ന്യായീകരണം ആണുള്ളത്? ഇത് ദിവ്യബലിയോടുള്ള ഗൗരവതരമായ അനാദരവ് അല്ലേ?
  2. യാതൊരു കൂടിയാലോചനകളും ഇല്ലാതെ,1986-ൽ പൗവ്വത്തിൽ പിതാവ് മണ്ണുരാംപറമ്പിൽ അച്ചനെ കൊണ്ട് തയ്യാറാക്കിപ്പിച്ച്, ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കോട്ടയം സന്ദർശനത്തിൽ ഉദ്ഘാടനം ചെയ്യിപ്പിച്ച്, പിന്നീട് 1989-ൽ എറണാകുളം അതിരൂപതയും നടപ്പിലാക്കിയ തക്സ യും 2021-ൽ റിവൈസ് ചെയ്തു എന്ന് സിനഡ് അവകാശപ്പെടുന്ന തക്സയും തമ്മിൽ കാര്യമായ ഒരു വ്യത്യാസവും ഇല്ലെന്നിരിക്കെ, എന്തായിരുന്നു ഈ റിവിഷന്റെ ഉദ്ദേശ്യം?
  3. യാതൊരു കൂടിയാലോചനകളും ഇല്ലാതെ പൗവ്വത്തിൽ പിതാവ് ഏകപക്ഷീയമായി ഉണ്ടാക്കിച്ച 1986-ലെ തക്സ, 1989-ൽ എറണാകുളം അങ്കമാലി അതിരൂപത നടപ്പിലാക്കി എന്നത് ചരിത്രപരമായ വസ്തുതയാണ് എന്നിരിക്കെ, എറണാകുളം അതിരൂപതയിലെ വൈദികരെ വിമത വൈദികർ എന്ന് വിളിക്കുന്നതിലെ പ്രസക്തി എന്ത്?
  4. കത്തോലിക്കാ സഭ ലോകത്തിന്റെ ധാർമിക ശക്തിയായിരിക്കെ, ആലഞ്ചേരി പിതാവ് എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരുന്ന സമയത്ത് നടന്ന ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട ഗൗരവതരമായ ധാർമിക അപചയം, സീറോ മലബാർ സഭയുടെ ഉന്നത അധികാരസമിതി എന്ന നിലയ്ക്ക് സിനഡ് ഇടപെട്ട് വേണ്ട തിരുത്തലുകൾ വരുത്താതിരുന്നത്, ഈശോയുടെ മൗതിക ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാതിരിക്കൽ അല്ലേ?
  5. സീറോ മലബാർ സഭയിലെ മെത്രാന്മാർ പ്രത്യേകിച്ച് മേജർ ആർച്ച് ബിഷപ്പ് കൽദായ ലോബിയുടെ പിടിയിൽ അകപ്പെട്ട് ക്രിസ്തുദർശനങ്ങൾക്ക് വിരുദ്ധമായി, എറണാകുളം അതിരൂപതയെ ഏത് വിധേനയും തകർക്കുക എന്ന മനോഭാവം, ഈശോയുടെ ജീവിത ദർശനങ്ങൾ മാതൃകയാക്കേണ്ട ക്രിസ്തു ശിഷ്യന്മാർക്ക്, പ്രത്യേകിച്ച് ശ്ലീഹന്മാരുടെ പിന്തുടർച്ച അവകാശക്കാർക്ക് ഭൂഷണമാണോ?
  6. ഏതാണ്ട് 450-ൽ പരം വൈദികർ ഉള്ള എറണാകുളം അതിരൂപതയിൽ തികച്ചും അസ്വികാര്യരും കളങ്കിതരുമായ ഏതാനും ചില വൈദികരെ തിരഞ്ഞുപിടിച്ച് അതിരൂപത ഭരണ സംവിധാനത്തിൽ (കൂരിയാ) നിറക്കുന്നതിലൂടെ എന്ത് സന്ദേശമാണ് മെത്രാൻ സമിതി പൊതുസമൂഹത്തിലേക്ക് കൊടുക്കുന്നത്?
  7. ധാർമികതയിൽ ഊന്നിയ ബലിയർപ്പണം ഈശോ നമ്മിൽ നിന്ന് ആഗ്രഹിക്കുമ്പോൾ ധാർമിക അപചയത്തിന് പരിഹാരം നേടാൻ ശ്രമങ്ങൾ നടത്തിയില്ലെന്നു മാത്രമല്ല, അതിന് നേതൃത്വം കൊടുത്തവർക്ക് ക്ലീൻചിറ്റ് കൊടുത്ത് സംസാരിക്കുന്ന മേജർ ആർച്ച് ബിഷപ്പും, അത്തരം അധാർമിക പ്രവർത്തനത്തിൽ ഭാഗഭാക്കുകൾ ആയവരെ അതിരൂപതയുടെ സുപ്രധാന ചുമതലകളിൽ വെച്ചിട്ട് ദിവ്യബലിയുടെ റൂബ്രിക്സിൽ ശാഠ്യം പിടിക്കുമ്പോൾ ഈശോയുടെ ദർശനങ്ങളിൽ നിന്നും വളരെ മാറിയല്ലേ സഞ്ചരിക്കുന്നത്?
  8. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ മെത്രാൻ സമിതിയുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ, മുകളിൽ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ, രണ്ടാം വത്തിക്കാൻ കൗൺസിലിന് മുമ്പുള്ള അവസ്ഥയിലേക്ക് സീറോമലബാർ സഭയെ കൊണ്ടുപോകാൻ ആണോ സിനഡ് ശ്രമിക്കുന്നതെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ പഴിക്കാനാകുമോ?
  9. കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രാർത്ഥനകളിൽ ഒന്നും നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനവുമായ വിശ്വാസപ്രമാണത്തിൽ വരെ തോന്നുന്ന പോലെ തിരുത്തലുകൾ (പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്നയിടത്ത് പിതാവിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്) വരുത്തി കുർബാനയിൽ ചൊല്ലുന്ന രീതി മെത്രാന്മാർക്ക് എങ്ങനെ സ്വീകാര്യമാകുന്നു?
  10. ഈശോ ദൈവപുത്രൻ ആണെന്ന് പിന്നീട് ഉരുത്തിരിഞ്ഞു വന്നതാണെന്ന് പറയുന്ന ചങ്ങനാശ്ശേരി അതിരൂപതയിലെ ആർച്ച് പ്രീസ്റ്റ്, ഈശോ അല്ല ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രം; ഈശോ വന്നത് ആരാധനാക്രമം സ്ഥാപിക്കാൻ ആണെന്നും മറ്റും പറയുന്ന MCBS സന്യാസ സഭയിലെ മുതിർന്ന വൈദികൻ മുതലായവർ നടത്തുന്ന ജല്പനങ്ങളിൽ ഒന്നും നടപടി എടുക്കാത്ത സീറോ മലബാർ സഭാ നേതൃത്വം, താമരശ്ശേരി രൂപതയിലെ ബഹുമാനപ്പെട്ട അജി പുതിയാപറമ്പിൽ അച്ഛനെതിരെ നടപടിയെടുക്കുന്നതിന്റെ ഔചിത്യം എന്ത്?
  11. കുർബാനയാണ് പ്രശ്നമെങ്കിൽ, എന്തുകൊണ്ട് ജെസ്യൂട്ട് ആർച്ച് ബിഷപ്പ് വാസിൽ പിതാവിന്റെ രണ്ടാമത്തെ സന്ദർശന വേളയിൽ (ഡിസംബർ 2023) ഉണ്ടായ ധാരണ അവസാന നിമിഷം തകർത്തു എന്നുള്ളതിന് മെത്രാൻ സമിതി ഉത്തരം പറയാൻ ബാധ്യസ്ഥരല്ലേ? കൂടാതെ ജൂലൈ 2024- ൽ ഉണ്ടായ ധാരണയും തകർക്കപ്പെട്ടത് എന്തുകൊണ്ട്?
  12. എല്ലാറ്റിനും ഉപരി 2001-ലെ സിനഡ് തീരുമാനം കാറ്റിൽ പറത്തിക്കൊണ്ട് 2021-ൽ ലിറ്റർജി റിവിഷൻ നടത്തിയത് അതിൽതന്നെ സാധുത ഇല്ലാത്തതല്ലേ?

Leave a Reply

Your email address will not be published. Required fields are marked *