നിങ്ങൾക്കു അധികാരമാണോ ദൈവം?
ഫെബ്രുവരി മൂന്നാം തിയതി മേജർ ആർച്ച് ബിഷപ്പിന്റെയും പാംപ്ലാനി മെത്രാപ്പോലീത്തായുടെയും പേരിൽ ഫാ. ജോഷി പുതുവ ഇറക്കിയിരിക്കുന്ന പത്രകുറിപ്പിനെയും സീറോ മലബാർ മീഡിയകമ്മീഷൻ ഇറക്കിയ പ്രസ്താവനയെയും അടിസ്ഥാനമാക്കിയുള്ള കുറിപ്പാണിത്.
- 2025 ഫെബ്രവരി 1 ന് പ്രസാദഗിരി പള്ളിയിൽ ഫാ. ജോൺ തോട്ടുപുറം സാധാരണ കുർബ്ബാനയുള്ള സമയത്തല്ലാതെ കുർബ്ബാനയർപ്പിക്കാൻ പോയത് എന്തിനുവേണ്ടിയാണെന്ന് ഈ മെത്രാപ്പോലീത്താമാർ അദ്ദേഹത്തോട് ചോദിച്ചോ? എന്തെങ്കിലും വിശേഷാൽ കാര്യങ്ങൾക്കുവേണ്ടിയാണോ കുർബ്ബാനയർപ്പിക്കാൻ പോയത്? അല്ലായെന്ന വ്യക്തമായതുകൊണ്ട് തന്നെ കുർബ്ബാനയർപ്പണത്തിനു ഈ സമയം കണ്ടെത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്.
- പ്രശ്നം നിലനില്ക്കുന്ന സാഹചര്യത്തിലും അവിടെ പോകുന്നത് കോടതിയലക്ഷ്യമാണെന്നറിഞ്ഞിട്ടും ഫെബ്രുവരി 15 വരെ തോട്ടുപുറമച്ചൻ പ്രസാദഗിരി പള്ളിയിൽ പ്രവേശിക്കരുതെന്ന് പോലീസ് ഓഫീസർ നിർദ്ദേശിച്ചിട്ടും അത് വകവയ്ക്കാതെ ആ പള്ളിയിൽ അതിക്രമിച്ചു കയറി ബലിയർപ്പിക്കാൻ ശ്രമിച്ചത് വി. കുർബ്ബാനയോടുള്ള അവഹേളനമായി ഈ മെത്രാപ്പോലീത്താമാർക്ക് തോന്നത്താതിന്റെ കാരണം ഇവരും ആ ഗുഢാലോചനയിൽ പങ്കാളികളായതുകൊണ്ടല്ലേ? എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി തീരരുതെന്ന് ആഗ്രഹിക്കുന്ന ചിലരെങ്കിലും സഭയുടെ ആസ്ഥാനത്ത് ഉള്ളതുകൊണ്ടല്ലേ.
- തോട്ടുപുറമച്ചൻ കുർബ്ബാനയർപ്പിക്കുന്ന സമയത്ത് എന്തുകൊണ്ട് പള്ളിയുടെ വാതിലുകളും ജനലുകളും അടച്ചിട്ടു കുർബ്ബാനയർപ്പിക്കാൻ ശ്രമിച്ചുവെന്നത് ഈ മെത്രാപ്പോലീത്താന്മാർ അന്വേഷിച്ചോ? പള്ളിയുടെ അകത്തുനിന്നും പുറത്തേക്ക് പോകാൻ ശ്രമിച്ച വികാരിയച്ചനായ ഫാ. ജെറിൻ പാലത്തിങ്കലിനെ ബലമായി പിടിച്ചുവയ്ക്കുകയും മർദ്ദിക്കുകയും ചെയ്തത് വി. കുർബ്ബാനയുടെ സമയത്ത് തന്നെയല്ലേ. അത് തടയാതെ വി. കുർബ്ബാനയർപ്പിക്കാൻ മുതിർന്ന തോട്ടുപുറമച്ചന്റെ പെരുമാറ്റത്തെയും ജെറിനച്ചനെ മർദ്ദിച്ചതിനെയും ഈ മെത്രാപ്പോലീത്താമാർ അപലപിക്കാത്തത് എന്തുകൊണ്ട്.
- ഏകീകൃത കുർബ്ബാനയർപ്പണരീതി അതിരൂപതയില് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ വിശ്വാസ ജീവിതത്തെയും സഭാസംവിധാനങ്ങളെയും അച്ചടക്കത്തെയും ദുർബ്ബലപ്പെടുത്താൻ മാത്രമെ ഉപകരിക്കൂ എന്ന് പ്രസ്താവനയിൽ പറയുന്ന ഈ മെത്രാപ്പോലീത്താമാർ പിന്നെ എന്തുകൊണ്ട് ഏകീകൃതരീതി ഈ അതിരൂപതയിൽ മറ്റു രൂപതകളിൽ നിന്നുള്ള അത്മായരെ മുന്നിൽ നിർത്തി അടിച്ചേല്പിക്കാൻ ശ്രമിക്കുന്നു. നിങ്ങൾ തന്നെയല്ലേ ഈ സഭയെയും പ്രത്യേകിച്ച് ഈ അതിരൂപതയെയും ദുർബ്ബലപ്പെടുത്തുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നത്. നിങ്ങളുടെ ഈഗോ ഒന്നുമാത്രമാണല്ലോ ഈ പ്രശ്നങ്ങൾ രൂക്ഷമാക്കാനുള്ള ഏകകാരണം.
- അർത്ഥപൂർണ്ണമായ ആശയ വിനിമയത്തെക്കുറിച്ച് പറയുന്ന നിങ്ങൾ തന്നെയല്ലേ സംവാദത്തിന്റെ വാതിൽ അടക്കുന്നത്. സംവാദത്തിലൂടെ രൂപപ്പെട്ട ധാരണകളെ അട്ടിമറിക്കുന്നത്. തീരുമാനങ്ങളെ ലംഘിക്കുന്നത്. വൈദികരെയും അത്മായരെയും വഞ്ചിക്കുന്നത്. നിങ്ങൾ ദൈവത്തിൽ ശരിക്കും വിശ്വസിക്കുന്നുണ്ടോ. നിങ്ങൾ ക്രിസ്തു സ്ഥാപിച്ച സഭ മിശിഹായുടെ ശരീരമാണെന്ന് കരുതുന്നുണ്ടോ? ശരീരത്തിലെ അവയവങ്ങളെല്ലാം പ്രധാനപ്പെട്ടതാണെന്ന് കുരുതുന്നുണ്ടോ. അതോ എറണാകുളം-അങ്കമാലി അതിരൂപതയാകുന്ന സീറോ മലബാർ സഭയുടെ തലയെ വെട്ടിക്കളയാനുള്ള വിഡ്ഢിത്തത്തിൽ നിങ്ങൾ ജീവിക്കുകയാണോ
ശരിക്കും നിങ്ങൾ ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നുണ്ടോ. നിങ്ങൾക്കു അധികാരമാണോ ദൈവം?