Featured

മംഗലപുഴ സെമിനാരിയുടെ നവീകരിച്ച ദൈവാലയത്തിന്റെ ആശീർവാദം 28-ന്

കേരള സഭയിൽ പ്രേഷിത നവോത്ഥാനത്തിന് നാന്ദികുറിച്ച മംഗലപ്പുഴ സെമിനാരിയിലെ വിശുദ്ധ വീചികളുടെ വിസ്മയം എന്നും പ്രാർത്ഥനാ ശിലാ എന്നും അറിയപ്പെടുന്ന ദൈവാലയത്തിന്റെ നവീകരണത്തിന് ശേഷമുള്ള ആശീർവാദകർമ്മം നാളെ ജനുവരി 28 രാവിലെ 09.30-ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിക്കുന്നു. 1951-ൽ സ്പെയിനിൽ നിന്നുള്ള കർമ്മലീത്ത മിഷനറി വൈദികർ നിർമ്മിച്ച ഈ ദൈവാലയത്തിന്റെ അനന്യമായ പ്രത്യേകതകൾ ഒന്നും നഷ്ടപെടാതെയാണ് നവീകരിച്ചിരിക്കുന്നത്. ഇറ്റലി, യുക്രൈൻ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന വിലയേറിയ മാർബിളുകളിൽ തീർത്ത അൾത്താര, അതീവ ആത്മീയ തേജസ്സ് പകരുന്ന ഉണ്ണീശോയെ വഹിച്ചു നിൽക്കുന്ന വി. ഔസേപ്പിന്റെ വളരെ വിരളമായ രൂപം, പ്രസിദ്ധ ഇറ്റാലിയൻ ചിത്രകാരനായ മാരിയോ ബാർബെരീസിന്റെ കരവിരുതിൽ വിരിഞ്ഞ വി. കുർബാന സ്ഥാപിക്കുന്ന അന്ത്യ അത്താഴത്തിന്റെ തെളിമയാർന്ന ചിത്രം, ബ്രിട്ടീഷ് പാർലമെന്റിന്റെയും കാൻെറർബറി കത്തീഡ്രലിന്റെയും ഗ്ലാസ് ചിത്രങ്ങൾ നിർമ്മിച്ച ലണ്ടൻ ആസ്ഥാനമായ ഗോഡാർഡ്‌ ആൻഡ് ഗിബ്ബ്സ് ആർട്ട് സ്റ്റുഡിയോ ഒരുക്കിയ 27 സ്റ്റെയിൻഡ് ഗ്ലാസ് ചിത്രങ്ങൾ, യൂറോപ്പിൽ പ്രചാരത്തിലിരുന്ന നിയോ-ഗോഥിക് വാസ്തുവിദ്യ, വിലയേറിയ മൊസൈക് മാർബിളുകൾകൊണ്ടുള്ള തൂണുകളും തറയും എന്നിവയെല്ലാം പൂർവാധികം ഭംഗിയോടെ നവീകരിച്ചിരുക്കുന്നു. ഇതിന് പുറമേ, 18 സ്റ്റെയിൻഡ് ഗ്ലാസ് ചിത്രങ്ങൾ പുതിയതായി സ്ഥാപിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ 11 സഹകാരികളുടെ സഹായത്തോടെ സെമിനാരി റെക്ടർ സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിൽ അച്ചന്റെ നേതൃത്വത്തിൽ പ്രൊക്യൂറേറ്റർ കുരിയൻ മുക്കാംകുഴിയിൽ വൈസ് റെക്ടർ വിൻസെന്റ് കുണ്ടുകുളം എന്നിവരുൾപ്പെടെയുള്ള മറ്റ് വൈദികരും ചേർന്നാണ് നവീകരണം സാധ്യമാക്കിയത്. മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കുന്ന ആശീർവാദകർമ്മത്തിൽ സെമിനാരി കമ്മീഷൻ അംഗങ്ങളായ അഭിവന്ദ്യ പിതാക്കന്മാരോടും മറ്റു അഭിവന്ദ്യ പിതാക്കന്മാരോടും നൂറോളം വൈദികരോടുമൊപ്പം ആയിരത്തോളം സന്യാസിനികളും വിശ്വാസികളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *