Featured

സഹോദരി സംഗമം 2K25

വ്യത്യസ്തമായ ഒരു സംഗമം സംഘടിപ്പിച്ചു സെ ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് യോർദാനപുരം.
എറണാകുളം- അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര ഫൊറോനയിൽപെട്ട 220 കുടുംബങ്ങൾ മാത്രമുള്ള ഈ ചെറിയ ഇടവകയിൽ വളരെ വ്യത്യസ്തമായ ഒരു കൂട്ടായ്മ നടത്തി മാതൃകയായി. ഈ ഇടവകയിൽ നിന്നും വിവാഹം കഴിഞ്ഞും, സന്യസ്തജീവിതം തിരഞ്ഞെടുത്തും മറ്റു നാടുകളിൽ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന എല്ലാ പെങ്ങമാരെയും പങ്കെടുപ്പിച്ച ഒരു സംഗമയായിരുന്നു ഈ സഹോദരി-സംഗമം.

മനസുകളിൽ ഗൃഹാതുരത്വം ഏറെ നിറഞ്ഞുനിൽക്കുന്ന ഒരു ഇടമാണ് ഒരാൾ പിറന്നു വളർന്ന നാടും വീടും. മൊബൈലും സാമൂഹ്യമാധ്യമങ്ങളും പ്രബലമാകുന്നതിനു മുൻപ് ഒരു ഇടവക പള്ളിയും, പള്ളിയിലെ സംഘടനപ്രവർത്തങ്ങളുമാണ് ഒരു കുട്ടിയുടെ ജീവിതത്തിന്റെ കാതലായ സംഭാവന നൽകുന്ന അമൂല്യവും അനന്യവുമായ സുന്ദരമായ ഒരു സ്ഥലം. ഇടവകയിലെ മതബോധനവും, കുടുംബയൂണിറ്റുകളും, സംഘടനകളും ഒരു കുഞ്ഞിന്റെ കഴിവുകളെ ഏറെ വളർത്തുന്നുണ്ട്, ഇതൊക്കെ ഒരു കുഞ്ഞിനെ വ്യത്യസ്തമാക്കുന്നു. ഇത്തരം ഒരു ഇടവകയിൽ നിന്നും വിവാഹം കഴിച്ചും സന്യാസജീവിതം തിരഞ്ഞെടുത്തും സ്വന്തം നാട്ടിൽ നിന്നും പറച്ചുനടപ്പെട്ട ഇടവകയിലെ ‘പെങ്ങന്മാർ’ പിന്നെ ഇടവകയിലെ അതിഥികളായി മാറുകയെന്നതാണ് സത്യം. പെരുന്നാളുകൾക്കോ കുടുംബക്കാരുടെ ചടങ്ങുകൾക്കു മാത്രമായി സന്ദർശകരാകുന്ന നാടിന്റെ ഈ പെണ്മക്കൾക്കു പഴയ സുഹൃത്തുക്കളും, കൂട്ടായ്മകളും, അഭിപ്രായപ്രകടനങ്ങളും, വട്ടംകൂടിയിരുന്നു മനസുതുറക്കലുമൊക്കെ പതുക്കെ അന്യമാകും. ഓണ്ലൈനിന്റെയും വർക്ക് ഫ്രം ഹോം എന്ന എളുപ്പവഴികുളുടെ ഈ കാലത്തു ബന്ധങ്ങൾ യന്ത്രികമാകുന്ന ഈ സാഹചര്യത്തിലാണ് ഒരു സംഗമത്തെ കുറിച്ച് ഇടവകയിൽ മാസങ്ങൾക്കുമുമ്പ് ചിന്തിച്ചു തുടങ്ങിയത്. ഇടവകയിലെ എല്ലാ പെണ്മക്കളുടെ കെട്ടിച്ചയച്ച വീട്ടിലെ വിവരങ്ങൾ അതാതു കുടുംബയൂണിറ്റു വഴി ശേഖരിച്ചു നേരിട്ടും ഫോണിലൂടെയും പള്ളിയിൽ നിന്നും ക്ഷണിച്ചാണ് ഈ സംഗമത്തെകുറിച്ച് എല്ലാ പെങ്ങന്മാരെയും അറിയിച്ചത്.

മധ്യപ്രദേശത്തു നിന്നു പോലും ഈ സംഗമത്തിന് വേണ്ടി എത്തിച്ചേർന്ന അംഗമടക്കം ഈ സംഗമത്തിൽ ഏകദേശം 80 പെങ്ങന്മാർ പങ്കെടുത്തു. ഇടവകപ്പള്ളിയിൽ നടത്തിയ ചെറിയ പ്രാർത്ഥന ശുശ്രുഷയ്ക്കു ശേഷം സഹോദരി സംഗമത്തിന്റെ ഔദ്യോദിക ഉൽഘാടനം വികാരി ഫാ വർഗീസ് പാലാട്ടി നിർവഹിച്ചു. സി ആനി, വൈസ്ചെയർമാൻ ശ്രി മാത്യൂസ് വടക്കുംചേരി, കൈക്കാരൻ ശ്രി ജോബി പുന്നശ്ശേരി, മുൻ കൈക്കാരൻ ശ്രി കുഞ്ഞാവര വടക്കുംചേരി, ശ്രി ആന്റണി പാലിമറ്റം, ഇടവകയിലെ പെങ്ങന്മാരെ പ്രധിനിധികരിച്ചു സി. റോസിലിൻ ജോൺ FCC , ശ്രിമതി ജാൻസി ജിയോ, ജോസ്മി അരുൺ എന്നിവർ പ്രസംഗിച്ചു.

പങ്കെടുത്തവരുടെയും, ഇടവകക്കാരുടെയും അഭിപ്രായത്തിൽ പല സംഗമങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കെട്ടിച്ചുവിട്ട പെങ്ങമാരേ മാത്രം സംഘടിപ്പിച്ചുകൊണ്ടു ഇത്തരത്തിലുള്ള ഒരു സഹോദരി സംഗമം നടത്തുന്നത്. വിവിധ പ്രായത്തിലുള്ള ഈ ഇടവകയിൽനിന്നും കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്കും വിവാഹം ചെയ്തയച്ച പെങ്ങന്മാർ അവരുടെ ഗൃഹാതുരത്തിലേക്കു വളരെ സന്തോഷത്തോടെയും അതിലേറെ ആകാംഷയോടും കൂടിയാണ് ഈ സംഗമത്തിൽ എത്തിച്ചേർന്നത്. പത്തും ഇരുപതും വർഷത്തിനുശേഷം ഒന്ന് കണ്ടുമുട്ടാനും കുശലം അന്വേഷിക്കാനും ഈ സംഗമം കരണമായതിനു ഇടവകക്കാർ സാക്ഷികളാണ്. ഇനിയും ഇത്തരത്തിലുള്ള സംഗമം നടത്തണമെന്നും മറ്റു ഇടവകളിലും ഈ നൂതന ആശയം സാക്ഷാത്കരിക്കണമെന്നും പെങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *